Thursday, 28 November 2024

ക്ലാസ് മുറിയില്‍ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നില്‍ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങള്‍.

SHARE

തി
രുവനന്തപുരം:
ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളില്‍ നിന്ന് ഈടാക്കുന്ന വാഹന വാടക ഉള്‍പ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങള്‍ ക്ലാസ്മുറികളില്‍ മറ്റ് കുട്ടികളുടെ സാന്നിധ്യത്തില്‍ അധ്യാപകരോ സ്കൂള്‍ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. ഇപ്പോള്‍ എല്ലാ രക്ഷിതാക്കള്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാൻ. പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താല്‍ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാൻ പാടുള്ളതല്ല. സ്കൂളുകളില്‍ പഠനയാത്രകള്‍, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോർട്ട് നല്‍കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂള്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർത്ഥികള്‍ക്ക് നല്‍കാൻ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണം. സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്ബടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്. സ്കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാൻ കുട്ടികള്‍കുട്ടികള്‍ നിർബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച്‌ കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്കൂള്‍ അധികാരികള്‍ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നല്‍കി. അതേസമയം, സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുപ്പ് പൂർത്തിയായതായി മന്ത്രി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച്‌ 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തിലെ അടുത്ത ഘട്ട നടപടികള്‍ ഉടനെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.








ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user