Thursday, 12 September 2024

തുടക്കവും ഒടുക്കവും മധുരത്തില്‍, വേറെ ലെവലാണ് ഓണസദ്യ; ഗുണങ്ങള്‍ ഞെട്ടിക്കും

SHARE


പ്രതീക്ഷയുടെ പുലരിയാണ് ഓണക്കാലം. അത്തം മുതല്‍ തിരുവോണ നാളുവരെ കളമെഴുതി പൂവിട്ട് കോടിയുടുത്ത് ഓണസദ്യ ഗംഭീരമാക്കാനുള്ള തത്രപ്പാടിലായിരിക്കും നാമോരുരുത്തരും. ശര്‍ക്കരവരട്ടിയും, തുമ്പപ്പൂ ചോറും, നാലുകൂട്ടം കറികളും പപ്പടവും പഴവും പരിപ്പും പാലടയും ചേര്‍ന്ന് ഇലനിറയുന്ന രുചിയുത്സവം.
ആദ്യകാലങ്ങളില്‍ നമ്മുടെ തൊടികളില്‍ നിന്നും ലഭിക്കുന്ന കായ്‌കനികള്‍ ഉപയോഗിച്ചാണ് സദ്യ ഒരുക്കിയിരുന്നത്. ഇന്നും ഓണക്കാലത്തിന്‍റെ ആഹ്ലാദവും ആഘോഷവും ഒട്ടും കുറയാതെ ലോകമെമ്പാടുമുളള മലയാളികള്‍ സദ്യ ഒരുക്കുന്നത്. എത്ര ഇല്ലായ്‌മയിലും സദ്യ ഗംഭീരമാക്കാന്‍ ഏവരും ശ്രദ്ധിച്ചിരുന്നു.
ഓണത്തിന് ഇലകളില്‍ നിറയുന്നത് വിഭവങ്ങളുടെ മേളമാണ്. അത് വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേകതകളുണ്ട്, അതിലുപരി ഗുണങ്ങളും. അത് എങ്ങനെയാണെന്ന് അറിയാം.

വാഴയില
ഓണസദ്യ വിളമ്പുന്നത് തൂശനിലയിലാണ്. വാഴയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സഹായകരമാണ്. ഭക്ഷണം ചൂടോടെ വാഴ ഇലകളില്‍ വിളമ്പുമ്പോൾ പോളിഫെനോൾസ് ഇലകളില്‍ നിന്ന് പുറത്തുവരുന്നു. ഇവ ഭക്ഷണത്തില്‍ കലരുകയും കഴിക്കുമ്പോൾ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇലകളില്‍ സദ്യ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും എന്ന് അനിമ ഖണ്ഡേൽവാൾ പറയുന്നു.
കൂടാതെ, വാഴയില ബാക്‌ടീരിയയുടെ പ്രവർത്തനം കുറയ്ക്കാൻ സഹായിക്കുന്നു. തത്‌ഫലമായി ഇലയില്‍ ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ ശുചിത്വകരമായിരിക്കും.

ശാർക്കര വരട്ടി
നേന്ത്രക്കായ, ഉണങ്ങിയ ഇഞ്ചി, ഏലം, ശർക്കര എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ശര്‍ക്കര വരട്ടി ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കും. വിറ്റാമിനുകളും നിക്കോട്ടിനിക് ആസിഡും നിറഞ്ഞ ശർക്കര രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടുകയും ചെയ്യുന്നു.


മട്ട അരി അല്ലെങ്കിൽ ചുവന്ന അരി
കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്‌ടവും മഗ്നീഷ്യം പോലുളള അപൂര്‍വ ധാതുക്കളാല്‍ സമ്പന്നവുമായ മട്ട അരി ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ, മട്ട അരിയിലെ ലയിക്കുന്ന നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പരിപ്പും നെയ്യും
പരിപ്പിൽ ധാരാളമായി പ്രോട്ടീനുണ്ട്. അതുകൊണ്ടു തന്നെ പരിപ്പ് നെയ്യിനൊപ്പം കഴിക്കുമ്പോൾ ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. പരിപ്പ് മാത്രം കഴിക്കുന്നത് മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ നെയ്യ് ചേര്‍ത്തുകഴിക്കുന്നത് വഴി കുറയ്‌ക്കാന്‍ സാധിക്കും.

സാമ്പാർ
മുരിങ്ങ, കാരറ്റ്, ബീൻസ്, വഴുതനങ്ങ, മത്തങ്ങ, ചേന, വെള്ളരിക്ക, കയ്‌പ, പടവലം, പച്ചമുളക് തുടങ്ങി നിരവധി പച്ചക്കറികള്‍ ഉപയോഗിച്ചാണ് സാമ്പാര്‍ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഈ പച്ചക്കറിയുടെയെല്ലാം പോഷക ഗുണങ്ങള്‍ സാമ്പാറിലൂടെ ലഭിക്കും. സാമ്പാറിൽ ഉപയോഗിക്കുന്ന മസാലകൾ ആന്‍റി-ഇൻഫ്ലമേറ്ററിയും ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതുമാണ്.

അവിയൽ
തേങ്ങ, തൈര്, കാരറ്റ്, ചേന, മത്തങ്ങ, മുരിങ്ങയില, നേന്ത്രക്കായ, വെള്ളരി, മാങ്ങ, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ് അവിയല്‍ തയ്യാറാക്കുന്നത്. വിറ്റാമിൻ ഇ, ബീറ്റ കരോട്ടിൻ, ഫൈബർ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് അവിയല്‍.

ഓലൻ
കുമ്പളങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓലന്‍ സദ്യയിലെ ജലാംശം കൂടുതലുളള വിഭവമാണ്. കലോറി കുറവുളള ഓലന്‍ ശരീരത്തിന് അവശ്യമായ നിരവധി പ്രോട്ടീനുകള്‍ നല്‍കുന്നു.

കാളൻ
മോര്, നേന്ത്രക്കായ, മഞ്ഞൾ പൊടി തുടങ്ങിയ വിവിധ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കാളൻ കുടലില്‍ മൈക്രോബയോമിനെ നിലനിർത്താനും ദഹനവുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കാനും സഹായിക്കുന്നു.

രസവും മോരും
രസം സുഗമമായ ദഹനത്തിന് സഹായകരമാണ്. രസത്തിലെ ജീരകം, കുരുമുളക്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ ചേരുവകൾ സദ്യയുടെ ദഹനത്തിന് സഹായിക്കുന്നു.

പായസം
മധുര സമ്പന്നമായ പായസത്തിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പ്രോട്ടീൻ, വൈറ്റമിൻ ബി, സി, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് പായസം. പായസം ശരീരത്തെ ജലാംശം കൂട്ടുന്നതിനും സഹായിക്കുന്നു.
ഓണസദ്യയിലെ എല്ലാ വിഭവങ്ങളും തന്നെ പോഷക സമൃദ്ധമാണ്. ശർക്കര വരട്ടിയില്‍ തുടങ്ങുന്ന ഓണസദ്യ ഉപ്പ്, നെയ്യ്, പരിപ്പ്, അച്ചാർ, മോർ, സാമ്പാർ, അവിയൽ, ഓലൻ, കാളൻ, പുളി ഇഞ്ചി, എരിശ്ശേരി, പച്ചടി, വാഴപ്പഴം, പപ്പടം, പായസത്തിലാണ് അവസാനിക്കുക. മധുരത്തില്‍ തുടങ്ങി മധുരത്തില്‍ തന്നെ അവസാനിക്കുന്ന സദ്യ കഴിക്കുന്നതിനും ഒരു ക്രമമുണ്ട്. ഈ ക്രമത്തില്‍ കഴിക്കുക എന്നതും പ്രധാനമാണ്. പക്ഷേ അധികമായാല്‍ അമൃതും വിഷമാണ്. അമിതമായി കഴിക്കാതിരിക്കുക എന്നതാണ് പ്രധാനം.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user